അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള തയ്യാറെടുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സേന.

 അതിര്‍ത്തിയില്‍ പ്രതിരോധം ശക്തമാക്കി ഇന്ത്യ


അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള തയ്യാറെടുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സേന. 


ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിര്‍ത്തി മേഖലയിലെ ആയുധ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ പ്രഹര ശേഷിയുള്ള പടക്കോപ്പുകള്‍ എല്ലായിടത്തും എത്തിക്കാനും ഇന്ത്യന്‍ സേന നടപടികള്‍ ഊര്‍ജ്ജിതമാക്കി.

അതിര്‍ത്തിയില്‍ എല്ലായിടങ്ങളിലും ചൈന ഗ്രൂപ്പ് ടെന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടുതല്‍ മുന്നേറ്റ മേഖലകളില്‍ ചൈനയുടെ ടെന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. 


സൈനിക തല ചര്‍ച്ചയില്‍ സമാധാനം പറയുന്ന ചൈന ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ മേഖലയില്‍ നിന്ന് പിന്മാറ്റം ഉദ്ദേശിച്ചുകൊണ്ട് അല്ലെന്ന് ഇന്ത്യ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്ജമായി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും.


ബോഫോഴ്‌സ് പീരങ്കികളും റോക്കറ്റ് വിന്യാസവും എം.777 അള്‍ട്രാ ലൈറ്റ് ഹൗസിറ്റാഴ്‌സും ഇന്ത്യ പിന്‍വലിക്കില്ല. എം.777 അള്‍ട്രാ ലൈറ്റ് ഹൗസിറ്റാഴ്‌സ് ചിനുക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നെറ്റ് മേഖലകളിലെ ആവശ്യ സ്ഥലങ്ങളില്‍ എത്തിക്കാനും ഇന്ത്യ തീരുമാനിച്ചു. റഫാല്‍ വിമാനങ്ങള്‍ അടക്കമുള്ളവയുടെ സേവനവും ഏത് സമയവും ലഭ്യമാക്കാന്‍ പാകത്തിലാണ് ഇപ്പോള്‍ തന്നെ ക്രമീകരിച്ചിട്ടുള്ളത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വീഴ്ചയില്ലാത്ത തയ്യാറെടുപ്പുകള്‍ ഇന്ത്യ തുടരുന്നതായി സൈനിക വൃത്തങ്ങളും സ്ഥിരീകരിക്കുന്നു.


അതേസമയം ടെന്റുകളുടെ നിര്‍മാണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ചൈനയുടെ നിലപാട്. പ്രാഥമികമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ടെന്റുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മറ്റൊരു ലക്ഷ്യവും അതിനു പിന്നിലില്ലെന്നും ചൈന വ്യക്തമാക്കുന്നു.

Next Post Previous Post
No Comment
Add Comment
comment url