കനയ്യകുമാറും ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും; സ്ഥിരീകരിച്ച് ജിഗ്നേഷ്

 


സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. തനിക്കൊപ്പം കനയ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ജിഗ്നേഷ് മേവാനി സ്ഥിരീകരിച്ചു. അതേസമയം കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഐ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ അവസാന നിമിഷവും സജീവമാണ്.


ഭഗത് സിംഗ് ജന്മദിനമായ ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാകും കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക. ഗുജറാത്തിലെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമാണ് ജിഗ്നേഷ് മേവാനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക് പട്ടേലിനൊപ്പം ജിഗ്നേഷ് കൂടി എത്തുന്നതോടെ ദളിത് വോട്ടുകള്‍ കൂടി ചേര്‍ത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ഇരുനേതാക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷവും പ്രതികരണത്തിന് കനയ്യകുമാര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിക്കാന്‍ സിപിഐ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കനയ്യ അതിന് തയ്യാറായില്ല. ദേശീയ എക്‌സിക്യുട്ടിവ് അംഗമായ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് തങ്ങാറുള്ള കനയ്യ ഞായറാഴ്ച മുതല്‍ ഡല്‍ഹിയിലുണ്ടെങ്കിലും അജോയ് ഭവനില്‍ എത്തിയിട്ടില്ല.


പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തെ തന്റെ മുറിയിലുണ്ടായിരുന്ന എസി കനയ്യ കുമാര്‍ അഴിച്ചെടുത്തുകൊണ്ടുപോയതായി സംസ്ഥാന സെക്രട്ടറി രാംനരേഷ് പാണ്ഡെ സ്ഥിരീകരിച്ചു. ബിഹാര്‍ നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന കനയ്യയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. എന്നാല്‍ ബിഹാര്‍ സംസ്ഥാന സെക്രട്ടറി പദം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം തള്ളി.

Next Post Previous Post
No Comment
Add Comment
comment url