രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരുമിച്ച്; മകൾ ഇനി ജീവനോടെ തിരിച്ചു വരില്ലെന്നറിഞ്ഞ് തളർന്നുവീണ് അമ്മ; നഷ്ടമായത് കുടുംബത്തിന്റെ ഏക പ്രതീക്ഷ; അമ്മയും മകളും മാത്രമുള്ള വീട്ടിൽ അമ്മ ഇനി തനിച്ച്
കോട്ടയം: മകളുടെ മരണ വാർത്തയറിഞ്ഞപ്പോൾ കുഴഞ്ഞു വീണതാണ് ആ അമ്മ.
സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിതിന. നിതിനയുടെ മരണത്തോടെ നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള അമ്മ ഇനി തനിച്ചാണ്.
ഏഴു വര്‍ഷം മുൻപാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ അമ്മയും മകളും താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന ഈ കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച് നല്‍കിയത്.
ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവരെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുൻപ് ഉണ്ടായ പ്രളയത്തില്‍ ഇവരുടെ വീടിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. കാര്യമായ ജോലിയൊന്നുമില്ലാത്ത അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നുമായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്.
നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് നിതിനയുടെ അമ്മയെന്നും ഇന്ന് രാവിലെ ഇരുവരും ഒരുമിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും അയല്‍വാസികള്‍ പറഞ്ഞു. രാവിലെ മകളെ ബസ് കയറ്റിവിട്ട ശേഷം അമ്മ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വേണ്ടി പോകുകയായിരുന്നു.
വീട്ടില്‍ നടക്കുന്ന എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവെക്കുന്ന സ്വഭാവമുള്ള ആളായിരുന്നു നിതിനയുടെ അമ്മയെന്നും മകള്‍ക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
മകളുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ നിതിനയുടെ അമ്മയും പാലായിലെ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെതന്നെയാണ് നിതിനയുടെ മൃതദേഹവും സൂക്ഷിച്ചിരിക്കുന്നത്.