രാജ്യത്ത് 23,529 പേർക്ക് കൂടി കോവിഡ്; 311 മരണം




 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 23,529 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 311 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ ആകെ കേസുകളിൽ 12,161 കേസുകളും 155 മരണവും റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 53 മരണമാണ് സ്ഥിരീകരിച്ചത്.


രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവാണ് രേഖപ്പെട്ടുത്തുന്നത്. നിലവിൽ 2.77 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1.43 ലക്ഷം ആളുകൾ കേരളത്തിലാണ്.


അതേസമയം, കോവിഡ് വാക്സിനുകൾ കോവിഡ് മൂലമുള്ള മരണങ്ങളിൽ നിന്നും സംരക്ഷണം നൽകും എന്നതിന്റെ നിർണായക വിവരങ്ങൾ അടങ്ങിയ ഡാറ്റ പുറത്തുവരികയാണ്. രണ്ടാം തരംഗത്തിന്റെ ആദ്യ ഏഴ് ആഴ്ചകളിൽ, 60 വയസ്സിനു മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാത്തവരിൽ ദശലക്ഷത്തിൽ 121 പ്രതിവാര മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, ആദ്യ ഡോസ് ലഭിച്ചവരിൽ 2.6 പ്രതിവാര മരണങ്ങളും പൂർണ്ണമായി വാക്സിൻ എടുത്തവരിൽ 1.76 പ്രതിവാര മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ഡാറ്റയിൽ പറയുന്നു.


ഒക്ടോബറിലെ ഉത്സവ സീസണിന് ശേഷം കേസുകളുടെ വർദ്ധനവുണ്ടാകും എന്ന് പൊതുജനാരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഈ വിവരങ്ങൾ പ്രാധാന്യമർഹിക്കുന്നു. കൂടാതെ, ഏറ്റവും ദുർബല ഗ്രൂപ്പായി പറയപ്പെടുന്ന 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവരിൽ ഏകദേശം 24 ശതമാനത്തോളം പേർ ഇപ്പോഴും വാക്സിൻ എടുത്തിട്ടില്ല.


ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡാറ്റ പ്രകാരം, 56,89,56,439 സാമ്പിളുകളാണ് ഇന്നലെ വരെ പരിശോധിച്ചത്. ഇതിൽ 15,06,254 സാമ്പിളുകൾ ബുധനാഴ്ച പരിശോധിച്ചവയാണ്.


അതേസമയം, രാജ്യത്ത് ഇതുവരെ 88 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Next Post Previous Post
No Comment
Add Comment
comment url