ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ വാർത്തകൾ
നിര്‍ണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെനെഫിക ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
കളിച്ച രണ്ടു കളികളിലും പരാജയം അറിഞ്ഞ ബാഴ്സ പോയിന്റ് നിലയില്‍ ഗ്രൂപ്പില്‍ ഏറ്റവും അവസാനമാണ്. ബെനെഫിക ആകട്ടെ രണ്ടാമതായും നില്‍ക്കുന്നു. 1961 നു ശേഷം ആദ്യമായിട്ടാണ് ബെനെഫിക ബാഴ്‌സയെ പരാജയപെടുത്തുന്നത്.
ഡാര്‍വിന്‍ ന്യൂനസിന്റെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ബെനെഫിക്കയുടെ ഈ വമ്ബന്‍ വിജയം. മൂന്നാം ഗോള്‍ നേടിയതാകട്ടെ റാഫ സില്‍വയും. 87 ആം മിനുട്ടില്‍ ബാഴ്സയുടെ എറിക് ഗാര്‍സിയ ചുവപ്പ് കാര്‍ഡ് കണ്ടു പോവുകയും ചെയ്തു.
സമ്ബൂര്‍ണ പരാജയമായിരുന്നു. ബാഴ്സ. ആകെ ഒരു ഷോട്ട് ആണ് ലക്ഷ്യത്തിലേക്ക് അവര്‍ പായിച്ചത്. ഇതോടെ കോമനെ മാറ്റണം എന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ ശക്തമായി. അവസാന 5 ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ബാഴ്സ വിജയിച്ചിട്ടില്ല. അതില്‍ 4 തോല്‍വിയും ഉള്‍പെടും.
*★നിലവിലെ ചാമ്പ്യന്മാർക്ക് തോൽവി. ചെൽസിയെ തോൽപ്പിച്ച് യുവന്റസ്*
നിര്‍ണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ യുവന്റസ് ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. യുവന്റസിന്റെ യുവ താരം ഫെഡറികോ കിയെസ ആണ് വിജയശില്പി.
ജയത്തോടെ 6 പോയിന്റുമായി യുവ ഗ്രൂപ്പ് ലീഡും ചെയ്യുന്നു.
രണ്ടാം പകുതി തുടങ്ങി 10 സെക്കന്‍ഡില്‍ ഉള്ളില്‍ ആയിരുന്നു കിയെസയുടെ ഗോള്‍. ചില നിമിഷങ്ങളിലെ പാളിച്ചകള്‍ എത്ര വലുതാണെന്ന് ചെല്‍സിക്ക് മനസ്സിലായ ഗോള്‍ ആയിരുന്നു അത്. പക്ഷെ പിന്നീട് ഗോള്‍ കണ്ടെത്താനുള്ള ചെല്‍സിയുടെ ശ്രമങ്ങള്‍ക്ക് യുവ പ്രതിരോധം ശക്തമായ കവചം ഒരുക്കി തിരിച്ചടി നല്‍കി.74 ശതമാനം ബോള്‍ കൈവശം വെച്ചിട്ടും 16 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചിട്ടും ചെല്‍സിക്ക് ഗോള്‍ കണ്ടെത്താന്‍ ആയില്ല.
ലുക്കാക്കു ഒരുക്കുന്ന സ്പേസ് ഉപയോഗിക്കാന്‍ ചെല്‍സിയുടെ മറ്റ് കളിക്കാര്‍ക്ക് പറ്റാത്തത് ടുക്കലിന് തലവേദന ആകും. മാത്രമല്ല ടുക്കലിന് ഇത് തുടര്‍ച്ചയായ രണ്ടാം പരാജയവുമാണ്. ഫോം ഔട്ട് ആയി നില്‍ക്കുന്ന യുവന്റസ് താര നിരക്ക് ഈ വിജയം പക്ഷെ ആത്മവിശ്വാസം നല്‍കും.
*★രക്ഷകനായി റൊണാൾഡോ. വിയ്യാറായലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം*
ഉനൈ എമെറിയുടെ വിയ്യാറയല്‍ ഒരുക്കിയ ശക്തമായ വെല്ലുവിളിയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഡേവിഡ് ഡി ഗിയയുടെയും സഹായത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്നു.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെകുത്താന്മാര്‍ വിജയിച്ചു കയറിയത്. യൂണൈറ്റഡിനായി അലക്സ് റ്റല്ലേസും റൊണാള്‍ഡോയുമാണ് വലചലിപ്പിച്ചത്. പാകോ അല്‍കാസര്‍ വിയ്യാറയലിന്റെ ആശ്വസ ഗോളും നേടി. യൂറോപ്പില്‍, യൂണൈറ്റഡിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായും റൊണാള്‍ഡോ മാറി.
ആദ്യ വെടി പൊട്ടിച്ചത് വിയ്യാറയല്‍ ആയിരുന്നു. 53 ആം മിനുട്ടില്‍ അല്‍കാസര്‍ ആണ് മനോഹരമായ ഒരു കൌണ്ടര്‍ അറ്റാക്കിങ്ങിന് ശേഷം അവര്‍ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം അലക്സ് ടെല്ലസ് യുണൈറ്റഡിന് അതി മനോഹരമായ ഒരു വോളിയിലൂടെ സമനില ഗോള്‍ നേടി എടുത്തു. പിന്നീട് ഇഞ്ചുറി ടൈമില്‍ അവസാന കിക്ക് എന്നോണം റൊണാള്‍ഡോയുടെ വിജയ ഗോളും.
അവസരണങ്ങള്‍ ശ്രിഷ്ട്ടിക്കുന്നതില്‍ ഇരു ടീമുകളും മികച്ചു നിന്നു. ഗോളി ഡേവിഡ് ഡി ഗയയുടെ അവസരോചിത ഇടപെടല്‍ ആണ് വിയ്യാറയലിന് രണ്ടാമതൊരു ഗോളിന് തടസമായി നിന്നത്. 88 ആം മിനുട്ടില്‍ സോള്‍ഷെയര്‍ വരുത്തിയ രണ്ടു മാറ്റങ്ങളും [ഫ്രഡും ലിംഗാര്‍ഡും]എടുത്ത് പറയേണ്ടതുണ്ട്. റൊണാള്‍ഡോയുടെ വിജയ ഗോള്‍ വന്ന മുന്നേറ്റം തുടങ്ങിയത് ഫ്രഡും അസിസ്റ്റ് നല്‍കിയത് ലിംഗാഡും ആയിരുന്നു.
*★വോൾവ്‌സ്ബർഗിനെ സമനിലയിൽ തളച്ച് സെവിയ്യ*
ചാമ്പ്യൻസ് ലീഗില്‍ വോള്‍ഫ്സ്ബര്‍ഗിനെ സമനിലയില്‍ തളച്ച് സെവിയ്യ. 87ആം മിനുട്ടിലെ റാക്കിറ്റിചിന്റെ വിവാദ പെനാല്‍റ്റിയിലാണ് ഗ്രൂപ്പ് ജിയിലെ വാശിയേറിയ മത്സരത്തില്‍ സെവിയ്യ സമനില പിടിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിലാണ് റെനാറ്റോ സ്റ്റെഫെനിലൂടെ വോള്‍ഫ്സ്ബര്‍ഗ് ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ കളിയവസാനിക്കാനിരിക്കെ പിറന്ന റാകിറ്റിചിന്റെ പെനാല്‍റ്റി സെവിയ്യക്ക് തുണയായി.അഞ്ച് വര്‍ഷത്തിനിടെ ചാമ്ബ്യന്‍സ് ലീഗില്‍ ആദ്യ ജയമെന്ന വോള്‍ഫ്സ്ബര്‍ഗിന്റെ സ്വപ്നമാണ് സെവിയ്യ തകര്‍ത്തത്. സെവിയ്യ രണ്ടാമതും വോള്‍ഫ്സ്ബര്‍ഗ് മൂന്നാമതുമാണ് ചാമ്ബ്യന്‍സ് ലീഗ് പോയന്റ് നിലയില്‍. നാല് പോയന്റുമായി ആര്‍ബി സാല്‍സ്ബര്‍ഗാണ് ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്ത്.
*★ലില്ലെയ്ക്കെതിരെ ആര്‍ബി സാല്‍സ്ബര്‍ഗിന് ജയം*
ചാമ്പ്യൻസ് ലീഗില്‍ ആര്‍ബി സാല്‍സ്ബര്‍ഗിന് ജയം. ഫ്രഞ്ച് ടീമായ ലില്ലെയ്ക്കെതിരെയാണ് ആസ്ട്രിയന്‍ ചാമ്പ്യന്മാരുടെ ജയം.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സാല്‍സ്ബര്‍ഗ് ജയിച്ച് കയറിയത്. ജര്‍മ്മന്‍ യുവതാരം കരീം അഡെയെമിയുടെ ഇരട്ട പെനാല്‍റ്റികളാണ് ആര്‍ബി സാല്‍സ്ബര്‍ഗിനെ തുണച്ചത്.
ലില്ലെയുടെ ആശ്വാസ ഗോളുകള്‍ ബുറാക് യില്‍മാസണ് നേടിയത്. ചാമ്ബ്യന്‍സ് ലീഗില്‍ അഞ്ച് പെനാല്‍റ്റികളാണ് സാല്‍സ്ബര്‍ഗിന് ഇതുവരെ ലഭിച്ചത്. ഇന്നത്തെ മത്സരത്തില്‍ ആദ്യം കരീം അഡെയെമിയെ വീഴ്ത്തിയതിനും പിന്നീട് യില്‍മസിന്റെ ഹാന്റ് ബോളീനുമാണ് പെനാല്‍റ്റികള്‍ ലഭിച്ചത്. ചാമ്ബ്യന്‍സ് ലീഗില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ജര്‍മ്മന്‍ താരമായി മാറി കരീം അഡെയെമി.
*★ഗോളടിച്ചു കൂട്ടി ലെവൻഡസ്കി. ബയേണ്‍ മ്യൂണിചിന് അനായാസ വിജയം*
ഗോളടിച്ച് മടുക്കാത്ത ലെവന്‍ഡോസ്കിയുടെ തിളക്കത്തില്‍ ബയേണ്‍ മ്യൂണിചിന് ചാമ്പ്യൻസ് ലീഗില്‍ വിജയം. ഇന്ന് മ്യൂണിചില്‍ നടന്ന മത്സരത്തില്‍ ഡൈനാമോ കീവിനെ ആണ് അനായാസമായി ബയേണ്‍ തോല്പ്പിച്ചത്.
എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ വിജയിച്ചത്. ഇരട്ട ഗോളുകളുമായി ലെവന്‍ഡോസ്കി തന്നെ ഇന്നും ബയേണിന്റെ താരമായി. 12ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ലെവന്‍ഡോസ്കിയുടെ ആദ്യ ഗോള്‍. 27ആം മിനുട്ടില്‍ മുള്ളറിന്റെ അസിസ്റ്റില്‍ നിന്ന് ലെവന്‍ഡോസ്കി തന്റെ രണ്ടാം ഗോളും നേടി.
ഈ സീസണില്‍ ഇതുവരെ വെറും എട്ടു മത്സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ അടിക്കാന്‍ ലെവന്‍ഡോസ്കിക്ക് ആയിട്ടുണ്ട്. രണ്ടാം പകുതിയില്‍ ഗ്നാബറിയും ബയേണായി വല കണ്ടെത്തി. 68ആം മിനുട്ടില്‍ സാനെയുടെ പാസില്‍ നിന്നായിരുന്നു ഗ്നാബറിയുടെ ഗോള്‍. 74ആം മിനുട്ടില്‍ സാനെയും 87ആം മിനുട്ടില്‍ ചൗപമൗടിംഗും ബയേണായി സ്കോര്‍ ചെയ്തു.
ആദ്യ മത്സരത്തില്‍ ബാഴ്സലോണയെയും തോല്‍പ്പിച്ചിരുന്ന ബയേണ്‍ ഇപ്പോള്‍ രണ്ട് മത്സരങ്ങളില്‍ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുകയാണ്.
*★യങ് ബോയിസിനെതിരെ അറ്റ്ലന്റയ്ക്ക് വിജയം*
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ യങ് ബോയ്സിന് ആ അത്ഭുതം ഇന്ന് ആവര്‍ത്തിക്കാന്‍ ആയില്ല.
ഇന്ന് ഇറ്റലിയില്‍ വെച്ച് അറ്റലാന്റയെ നേരിട്ട യങ് ബോയ്സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ തുടക്കം മുതല്‍ അറ്റലാന്റ തന്നെയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. എന്നാല്‍ ഗോള്‍ വരാന്‍ രണ്ടാം പകിതി ആയി. 68ആം മിനുട്ടില്‍ പെസ്സിന ആണ് അറ്റലാന്റയ്ക്ക് വിജയ ഗോള്‍ നേടിക്കൊടുത്തത്. പെസ്സിനയുടെ ചാമ്ബ്യന്‍സ് ലീഗ് കരിയറിലെ ആദ്യ ഗോളാണിത്.
രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി അറ്റലാന്റ ആണ് ഗ്രൂപ്പ് എഫില്‍ ഒന്നാമത് ഉള്ളത്. അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആണ് അറ്റലാന്റ നേരിടേണ്ടത്.