പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ ‘ബ്ലൂടൂത്ത് സ്ലിപ്പറുകൾ’; വൈറലായി ചിത്രങ്ങൾ
ടെക്‌നോളജിയുടെ വളർച്ച കാരണം പരീക്ഷയ്ക്ക് കോപ്പി അടിക്കുന്ന രീതികൾ വരെ ഹൈടെക് ആയി മാറിയിരിക്കുകയാണ്. തുണ്ട് പേപ്പറിൽ എഴുതി വെച്ചു കോപ്പി അടിക്കുന്ന രീതിയൊക്കെ ഇപ്പോൾ മാറി. കോപ്പിയടിക്ക് വരെ നൂതന സാങ്കേതിക വിദ്യകളുടെ സഹായമുണ്ട്. അത്തരത്തിൽ ഒരു കോപ്പിയടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അധ്യാപകരുടെ യോഗ്യത പരീക്ഷയ്ക്ക് കോപ്പിയടിക്കാനായി ഗണേഷ് രാം ധാക്ക എന്ന 28-കാരൻ ഉപയോഗിച്ചത് ബ്ലൂടൂത്ത് ഘടിപ്പിച്ച സ്ലിപ്പറുകൾ ആണ്. പരീക്ഷക്കെത്തിയ ആളുടെ ചെവിയിൽ ബ്ലൂടൂത്ത് ഉപകരണം കണ്ടു സംശയം തോന്നിയ ഇൻവിജിലേറ്റർ പൊക്കിയതോടെ കോപ്പിയടി ശ്രമം പൊളിഞ്ഞു, കോപ്പിയടിക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സംഭവം വൈറലായത്.
ബിക്കാനീറിലെ ഒരിടത്തു നിന്ന് രണ്ടര ലക്ഷം രൂപയ്ക്കാണ് സ്ലിപ്പറുകൾ വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
എന്തായാലും സ്ലിപ്പർ കോപ്പിയടി വലിയ സംഭവമായി കഴിഞ്ഞു. രസകരമായ കമന്റുകളാണ് വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റിന് ലഭിക്കുന്നത്. അടുത്ത എലോൺ മസ്‌കാണ് എന്ന തരത്തിലുള്ള കമന്റുകൾ വരെ കാണാം.
സംഭവുമായി ബന്ധപ്പെട്ട്അഞ്ച് പേരെ അറസ്റ്റ് ചെയ്തു എന്ന് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ 4,019 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 16 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.