നാളെ റിലീസിനെത്തുന്ന ചിത്രങ്ങൾ.
ലോക്ക്‌ഡൗണിന് ശേഷം വീണ്ടും സിനിമാതിയേറ്ററുകളും മലയാള സിനിമാവ്യവസായവും സജീവമായി തുടങ്ങുകയാണ്. രണ്ടു മലയാളചിത്രങ്ങളാണ് നാളെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ നിവിൻ പോളി ചിത്രം ‘കനകം കാമിനി കലഹം’ ഓടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്.
രണ്ട് ചിത്രങ്ങൾക്കും പൊതുവായ ഒരു പ്രത്യേകത, നായകന്മാർ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളും എന്നതാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ‘കുറുപ്പ്’ നിർമ്മിക്കുന്നത്. അതേസമയം, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് ‘കനകം കാമിനി കലഹം’ നിർമിക്കുന്നത്.
*‘കുറുപ്പ് ' എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി*
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് ‘കുറുപ്പ്’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. രാവിലെ ഏഴു മണി മുതലാണ് കേരളത്തിൽ ചിത്രത്തിന്റെ ഷോ ആരംഭിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ കൂടിയായ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
*‘കനകം കാമിനി കലഹം’ ഇന്ന് അർദ്ധരാത്രിയോടെ പ്രേക്ഷകരിലേക്ക്*
നിവിൻ പോളി നായകനാക്കുന്ന ‘കനകം കാമിനി കലഹം’ റിലീസിനൊരുങ്ങുന്നു. ഓടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും രതീഷ് തന്നെ. സിനിമ ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നർ ആണ് ചിത്രം.
“രതീഷ് ഈ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ ഏറ്റവും ക്ലേശകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന പ്രേക്ഷകർക്ക് മനസ്സ് ഒന്നു തണുപ്പിക്കുവാൻ ഈ ചിത്രം കാരണമാകും എന്നെനിക്ക് തോന്നി. കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു മനോഹരചിത്രമാണിത്. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നർമ്മവുമെല്ലാം ഇതിലുണ്ട്. കുറെയേറെ നാളായി പ്രേക്ഷകർ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികൾ തിരികെ കൊണ്ടു വരുവാൻ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചിത്രത്തെ കുറിച്ച് നിവിൻ പറയുന്നു.
പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവ്വഹിക്കുന്നു. ഗ്രെയ്സ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മനോജ് കണ്ണോത്ത് എഡിറ്റിങ്ങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ശബ്ദം ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് ശ്രീനിവാസൻ ആണ്. യാക്സൻ ഗാരി പെരേര, നേഹ നായർ എന്നിവരാണ് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല സംവിധാനം -അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.