കാലിൽ തീപ്പൊള്ളലേറ്റ പോലൊരു വേദന; കടിച്ചത് മൂർഖൻ; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; നൽകിയത് 30 വയൽ ആന്റിവെനം; ദൈവത്തിന് നന്ദി ..ഇത് രണ്ടാം ജന്മം; വാവ സുരേഷിന് സമാനമായ അതിജീവന കഥ ചക്കരക്കൽ സ്വദേശിനി മഞ്ജുള പറയുകയാണ് .

 കാലിൽ തീപ്പൊള്ളലേറ്റ പോലൊരു വേദന; കടിച്ചത് മൂർഖൻ; ബോധം പോയി; പിന്നെ കണ്ണു തുറന്നത് മൂന്നാം ദിവസം; നൽകിയത് 30 വയൽ ആന്റിവെനം; ദൈവത്തിന് നന്ദി ..ഇത് രണ്ടാം ജന്മം; വാവ സുരേഷിന് സമാനമായ അതിജീവന കഥ ചക്കരക്കൽ സ്വദേശിനി മഞ്ജുള പറയുകയാണ് .



ഉഗ്രവിഷമുള്ള മൂർഖന്റെ കടിയേറ്റു മൂന്നു ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്താനായതിന്റെ ആശ്വാസത്തിലാണ് ചക്കരക്കൽ സോന റോഡിൻ്റെ മുൻവശത്തെ വാടക വീട്ടിൽ താമസിക്കുന്ന മഞ്ജുള. വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളജിലെ പരിചരണത്തിൽ ജീവിതത്തിലേക്കു തിരികെക്കയറിയ ദിവസങ്ങളിലാണ് കണ്ണൂരിലെ ജില്ലാ ആശുപത്രി വെന്റിലേറ്ററിൽ മഞ്ജുളയും രണ്ടാം ജന്മത്തിലേക്കു കണ്ണു തുറന്നത്.


'ഇതെന്റെ രണ്ടാം ജന്മമാണ്. ദൈവത്തിന് നന്ദി ..കൂടെ നിന്നവർക്കെല്ലാം എങ്ങനെ  നന്ദി പറയണമെന്ന് അറിയില്ല.' ഓക്‌സിജൻ മാസ്‌കിന്റെ സുതാര്യമായ നേർത്ത പാളിക്കപ്പുറം മഞ്ജുള പറയുന്നതെല്ലാം കൃത്യമായി വേർതിരിച്ചെടുക്കാൻ പ്രയാസമാണെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസമാണ് ആ മുഖത്ത് നിറയുന്നത്.


കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് 44 വയസ്സുള്ള പി.മഞ്ജുള. 3ന് രാവിലെ ചക്കരക്കല്ലിൽ ചെമ്പിലോട് പഞ്ചായത്തിലെ നാലാം വാർഡിൽ സോന റോഡിൻ്റെ മുൻവശത്തെ വാടകവീട്ടിൽ നിന്നു ' റോഡിലേക്കു തിരക്കിട്ട് ഇറങ്ങുമ്പോഴായിരുന്നു കാലിൽ തീപ്പൊള്ളലേറ്റപോലൊരു വേദന. മൂർഖനാണ് കടിച്ചത്. മുൻപും രണ്ടു മൂന്നു തവണ ആ പരിസരത്ത് പാമ്പിനെ കണ്ടിരുന്നു. ചവിട്ടിപ്പോയപ്പോഴാണു കടിയേറ്റത്. പാമ്പ് അപ്പോൾത്തന്നെ ഇഴഞ്ഞു മറഞ്ഞു. കടിയേറ്റെന്നു മനസ്സിലായതോടെ വീട്ടിലേക്കു കയറി സുഹൃത്തിനെ ഫോണിൽ വിളിച്ചു. സുഹൃത്തിന്റെ ബൈക്കിൽ ചക്കരക്കല്ലിൽ എത്തി. അവിടെ നിന്ന് 108 ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക്.


അപ്പോഴേക്കും കൺമുന്നിലുള്ളതെല്ലാം രണ്ടായി കാണാൻ തുടങ്ങിയിരുന്നു. ആംബുലൻസിൽ കയറുമ്പോഴേക്കും ബോധം പോയി. പിന്നെ മൂന്നാം ദിവസമാണ് കണ്ണു തുറന്നത്. 30 വയൽ ആന്റിവെനം നൽകേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു.


 ബുധനാഴ്ചയാണ് വെന്റിലേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലെ ഡോ.നവനീത്, ഡോ.നുസ്‌റത്ത്, ഡോ.രാകേഷ്, ഡോ.അഭിലാഷ്, ഡോ.വൈശാഖ്, ഡോ.നിധിൻ, ഡോ.ലത,

ഡോ.രോഹിത് രാജ് തുടങ്ങിയവരടങ്ങുന്ന ഡോക്ടർമാരുടെ സംഘവും വെന്റിലേറ്ററിലും ഐസിയുവിലും കണ്ണിമചിമ്മാതെ പരിചരിച്ച നഴ്‌സിങ് ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും കരുതലുമാണ് മഞ്ജുളയ്ക്കു രണ്ടാം ജന്മമേകിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവനും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖയും ആർഎംഒ ഡോ.സി.വി.ടി.ഇസ്മയിലും അരികിലെത്തി വിവരങ്ങൾ തിരക്കുമ്പോൾ കൈകൾ കൂപ്പി, നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജുള എല്ലാവർക്കും നന്ദി പറഞ്ഞു. ചെറിയ ശ്വാസതടസ്സമുള്ളതിനാൽ കുറച്ചു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരും.

Next Post Previous Post
No Comment
Add Comment
comment url