ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവികൃഷ്ണൻ ജേതാവ്.

ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവികൃഷ്ണൻ ജേതാവ്



ഗുരുവായൂര്‍ :നിയന്ത്രണങ്ങൾക്കിടയിലും ആവേശത്തിനവധിയില്ലാതെ നടന്ന ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്‌ണൻ ജേതാവ്. ആദ്യമായാണ് രവികൃഷ്‌ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. കൊമ്പൻ ദേവദാസാണ് രണ്ടാമൻ, വിഷ്‌ണു  മൂന്നാമതും എത്തി.


ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത് പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് നമ്പീശനും മാതേമ്പാട്ട് നമ്പ്യാരും പാപ്പാന്‍മാര്‍ക്ക് കുടമണികള്‍ കൈമാറി. കുടമണികളുമായി പാപ്പാന്മാര്‍ ഓടി മഞ്ജുളാലിന് സമീപം ഒരുക്കി നിര്‍ത്തിയ ആനകളെ അണിയിച്ചു.


മാരാര്‍ ശംഖനാദം മുഴക്കിയതോടെ ആനകള്‍ കുതിപ്പ് തുടങ്ങി. ക്ഷേത്രനട എത്താറായതോടെ മറ്റു രണ്ടു പേരേയും രവികൃഷ്‌ണൻ ബഹുദൂരം പിന്നിലാക്കി. ആനയോട്ടത്തില്‍ ഒന്നാമനായ രവി കൃഷ്‌ണന്‌ പത്ത് ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും.  


ഒരാനയെ മാത്രം പങ്കെടുപ്പിച്ച് ആനയോട്ടം നടത്താനായിരുന്നു ശനിയാഴ്ച ജില്ലാ ഭരണകൂടം ദേവസ്വത്തിന് കർശന നിർദേശം നൽകിയിരുന്നത്.  ജനങ്ങളെയാകെ നിരാശരാക്കിയ തീരുമാനം ഒഴിവാക്കണമെന്നും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കാന്‍ ഇടപെടണമെന്നും ആവശ്യമുന്നയിച്ച് ​ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രി ഇടപെട്ടാണ് മൂന്നാനകളെ പങ്കെടുപ്പിക്കാന്‍ തീരുമാനമായത്.

Next Post Previous Post
No Comment
Add Comment
comment url