വീട്ടുമുറ്റത്ത് ചെമ്പകം, അശോകം എന്നിവ നടാമോ..?



 വീട്ടുമുറ്റത്ത് ചെമ്പകം, അശോകം എന്നിവ നടാമോ…?  

ചെമ്പകപ്പൂവിന്റെ സുഗന്ധം ഇഷ്ടമില്ലാത്ത ഒരാളെ നമുക്ക് കണ്ടുപിടിക്കാന്‍ സാധ്യമല്ല. അത്രയും ഹൃദ്യമായ ഒരു സുഗന്ധമാണ് ഈശ്വരന്‍ ഈ പുഷ്പത്തിന് നല്‍കിയിരിക്കുന്നത്. പക്ഷെ ഈയിടെയായി ചിലര്‍ പറയുന്നു; വീടുകളില്‍ ചെമ്പകം നടുവാന്‍ പാടില്ല; ചെമ്പകം വീടിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നാല്‍ വീട്ടില്‍ ഉള്ളവര്‍ മരിക്കും എന്ന്. പക്ഷെ ഇത് വെറും വിഡ്ഢിത്തരവും അന്ധവിശ്വാസവും ആണ് എന്നറിയുക; കാരണം എന്തെന്നാല്‍…


 വാസ്തു ശാസ്ത്രത്തില്‍ പ്രധാനമായും നാല് വിധം മരങ്ങളെക്കുറിച്ച് പറയുന്നു…


1. അകത്തും പുറത്തും കാതല്‍ ഉള്ളവ: തേക്ക്, വീട്ടി (ഈട്ടി) മുതലായവ…


2. അകത്ത് മാത്രം കാതല്‍ ഉള്ളവ: പ്ലാവ്, ആഞ്ഞിലി മുതലായവ…


3. പുറത്ത് മാത്രം കാതല്‍ ഉള്ളവ: തെങ്ങ്, കവുങ്ങ് മുതലായവ…


4. അകത്തും പുറത്തും കാതല്‍ ഇല്ലാത്തവ: ചെമ്പകം, പാല, പൂള/ഇലവ് (പഞ്ഞിമരം) മുതലായവ…


ഇതില്‍ നാലാമത്തെ വിഭാഗം കാതല്‍ ഇല്ലാത്തവ ആയതുകൊണ്ട് നല്ല കാറ്റും മറ്റുമുണ്ടായാല്‍ പെട്ടെന്ന് ഒടിഞ്ഞു വീഴുവാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്. വീടിനു മുകളില്‍ മരം വീണാല്‍ വീട്ടില്‍ ഉള്ളവര്‍ക്ക് ജീവഹാനി സംഭവിക്കും എന്നതുകൊണ്ടാണ് വാസ്തു ശാസ്ത്രത്തില്‍ അങ്ങിനെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വീടിനു തൊട്ടടുത്ത് ചെമ്പകം വെക്കുന്നതിനേക്കാള്‍ കുറച്ച് ദൂരെ ആയി വെക്കുന്നത് ആണ് ഉത്തമം. ഇനി അഥവാ വീടിനടുത്ത് വെച്ചാല്‍ തന്നെ ഉയരം കൂടുമ്പോള്‍ വീടിന്റെ ഉയരത്തിന് ഒപ്പം വച്ച് വെട്ടിയാല്‍ മതി. അങ്ങിനെ ആകുമ്പോള്‍ ഒടിഞ്ഞു വീഴും എന്ന് പേടിക്കുകയും വേണ്ട. കൂടാതെ പണ്ട് കാലത്ത് ഉണ്ടായിരുന്ന വീടുകള്‍ കോണ്‍ക്രീറ്റ് ആയിരുന്നില്ല എന്നതിനാലാണ് വീടിനടുത്ത് ഈ മരങ്ങള്‍ വെക്കുന്നത് ദോഷം ആണ് എന്ന് പറഞ്ഞിരുന്നത്.

ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട്; കാള പ്രസവിച്ച കുട്ടിയെ കെട്ടാന്‍ കയര്‍ എടുക്കാതെ, സത്യം അന്വേഷിച്ച് അറിയാന്‍ ശ്രമിക്കുക. അന്ധവിശ്വാസം കൂടിക്കൂടി മനുഷ്യര്‍ ഈ മരങ്ങള്‍ എല്ലാം വെട്ടിക്കളഞ്ഞാല്‍ പിന്നെ അടുത്ത തലമുറയ്ക്ക് നാം ചെമ്പകം എന്ന് പറഞ്ഞ് എന്ത് കാണിച്ച് കൊടുക്കും…? നാം അവരോടും പ്രകൃതിയോടും ഈശ്വരനോടും ചെയ്യുന്ന ഒരു ക്രൂരതയല്ലേ അത്…?

ഇതുപോലെ തന്നെയാണ് അശോകം എന്ന മരവും. അശോകം എന്നാല്‍ ശോകം ഇല്ലാതെ ആക്കുന്നത് എന്നാണ് അര്‍ത്ഥം. അശോകം എവിടെയുണ്ടോ; അവിടെ സ്ത്രീകള്‍ക്ക് ദുഃഖം ഉണ്ടാകില്ല എന്നതാണ് ആ മരത്തിനു ആ പേര് വരാന്‍ കാരണം. സ്ത്രീജന്യമായ അസുഖങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത് അശോകം ആണ്; അശോകാരിഷ്ടം; കഷായം മുതലായവ. അതുകൊണ്ടാണ് അതിനു അശോകം എന്ന പേര് വന്നതും.

ഈ സത്യം അറിയാതെ ചില അന്ധവിശ്വാസികള്‍, സീത ഇരുന്നത് അശോക വനികയില്‍ ആയതുകൊണ്ട് ഈ മരം വീടിനടുത്ത് വെക്കുവാന്‍ പാടില്ല എന്ന് പറഞ്ഞു ഈ ഔഷധസസ്യത്തെ വെട്ടിക്കളയുന്നു. സീതയ്ക്ക് വിരഹ ദുഃഖം സഹിക്കാന്‍ കഴിഞ്ഞത് അശോക അശോകവനികയിൽ (ശിംശിപ വൃക്ഷച്ചുവട്ടിൽ) ഇരുന്നത്കൊണ്ടാണ് എന്നാണ് ഏവരും മനസ്സിലാക്കേണ്ടത്

ഈ സസ്യങ്ങളുടെ മാഹാത്മ്യം മനസ്സിലാക്കി, സാധിക്കുമെങ്കില്‍ ഈ രണ്ടു മരങ്ങളുടേയും തൈകള്‍ വാങ്ങി നിങ്ങളുടെ വീടിനു മുന്‍പില്‍ നട്ടു വളര്‍ത്തി, അന്ധവിശ്വാസം മൂലം വംശനാശ ഭീഷണി നേരിടുന്ന ഈ സസ്യങ്ങളെ സംരക്ഷിക്കുക.


അന്ധവിശ്വാസങ്ങള്‍ വലിച്ചെറിഞ്ഞ്, ഇനിയെങ്കിലും പ്രകൃതിയെയും ഈശ്വര സൃഷ്ടികളേയും സ്നേഹിക്കുക.


സൃഷ്ടിയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ സ്രഷ്ടാവിനെ സ്നേഹിക്കാന്‍ കഴിയൂ എന്ന സത്യം മനസ്സിലാക്കുക…

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Next Post Previous Post
No Comment
Add Comment
comment url