Son of Omicron : 'ഒമിക്രോണിന്റെ മകന്‍'; പുതിയ വകഭേദം കൂടുതല്‍ ഭയപ്പെടേണ്ടതെന്ന് പഠനം
Son of Omicron : 'ഒമിക്രോണിന്റെ മകന്‍'; പുതിയ വകഭേദം കൂടുതല്‍ ഭയപ്പെടേണ്ടതെന്ന് പഠനം
കൊവിഡ് 19മായുള്ള ( Covid 19 Disaese ) നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുക തന്നെയാണ്. വാക്‌സിന്‍ ( Covid Vaccine ) വ്യാപകമായി ലഭ്യമായിത്തുടങ്ങിയതോടെ ആശ്വാസത്തിനുള്ള വക തെളിഞ്ഞുവെങ്കിലും ജനിതകവ്യതിയാനങ്ങള്‍ ( Virus Mutants ) സംഭവിച്ച വൈറസ് വകഭേദങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു.
ആദ്യഘട്ടത്തിലുണ്ടായിരുന്ന 'ആല്‍ഫ' വകഭേദത്തെക്കാള്‍ ശക്തനായ 'ഡെല്‍റ്റ' വകഭേദം പിന്നീട് ഇന്ത്യ അടക്കം പല രാജ്യങ്ങളിലും കഠിനമായ കൊവിഡ് തരംഗങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ 'ഒമിക്രോണ്‍' എന്ന വകഭേദമാണ് നമുക്ക് മുമ്പിലുള്ള ഭീഷണി.
ഇതിനിടെ ഒമിക്രോണിനും ഉപവകഭേദങ്ങളുണ്ടെന്നും അത് ഇന്ത്യ അടക്കം പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ബിഎ.2 ( BA.2 ) അഥവാ 'ഒമിക്രോണിന്റെ മകന്‍' എന്നറിയപ്പെടുന്ന ഉപവകഭേദം ഒമിക്രോണിനെക്കാള്‍ ഭയപ്പെടേണ്ട രോഗകാരിയാണെന്നാണ് പുതിയ വിവരം.
ജപ്പാനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പുറത്തുനിന്ന് മൂക്കിലൂടെ ശരീരത്തിലേക്ക് കടക്കുന്ന വൈറസ്, അവിടെ വച്ച് തന്നെ വലിയ തോതില്‍ പെരുകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം 'ഡെല്‍റ്റ'യോളം തന്നെ അപകടകാരിയല്ല ബിഎ.2 എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബൂസ്റ്റര്‍ ഡോസ് അടക്കം മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലു നേരത്തെ കൊവിഡ് ബാധിച്ചവര്‍ക്കും ബിഎ.2 അണുബാധ ഗുരുതരമാകണമെന്നില്ല. എന്നാല്‍ വാക്‌സിന്‍ മുഴുവന്‍ ഡോസ് സ്വീകരിക്കാത്തവരിലും കൊവിഡ് ബാധിക്കാത്തവരിലും ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ഇവരുടെ നിഗമനം.
നിലവില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലാണ് ബിഎ.2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കകം തന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
രോഗം ഗുരുതരമാക്കാനുള്ള സാധ്യതയ്ക്ക് പുറമെ ടെസ്റ്റില്‍ വൈറസ് സാന്നിധ്യം കണ്ടെത്തപ്പെടാതെ പോകാനുള്ള സാധ്യതയും ബിഎ.2വിന്റെ കാര്യത്തിലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണം കൊണ്ട് പുതിയ പരിശോധനാസംവിധാനം സജ്ജമാക്കണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണ്‍ വകഭേദവും ചില കേസുകളില്‍ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. ഈ കേസുകളില്‍ ബിഎ.2 വും ഉള്‍പ്പെടുന്നതായാണ് നിലവിലെ വിലയിരുത്തല്‍.
കൊവിഡ് 19, രോഗം നിസാരവത്കരിക്കുന്നത് ആപത്ത് വിളിച്ചുവരുത്തുമെന്നും, പുതിയ വകഭേദങ്ങള്‍ ഇതിന് മുമ്പുണ്ടായിരുന്നവയെക്കാള്‍ അപകടകാരിയായേക്കാമെന്നും നേരത്തേ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കും വിധമാണിപ്പോള്‍ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതല്‍ ഭയപ്പെടേണ്ട രോഗകാരിയാണെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.