ബ്ലാസ്റ്റേഴ്സിന് തോല്‍ക്കാനാകില്ല; ഇന്ന് ചാമ്പ്യന്മാര്‍ക്കെതിരെ

ബ്ലാസ്റ്റേഴ്സിന് തോല്‍ക്കാനാകില്ല; ഇന്ന് ചാമ്പ്യന്മാര്‍ക്കെതിരെ



ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ ഒരു തിരിച്ചു വരവ് അസാധ്യം. മുംബൈ സിറ്റിയെ നേരിടാന്‍ ഇന്നിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ സാധ്യതയിതാണ്. നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് ആഗ്രഹിക്കുന്നുണ്ടാകില്ല.


18 മത്സരങ്ങള്‍ വീതം കളിച്ച മുംബൈയും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. മുംബൈയുമായിട്ടുള്ള പോരാട്ടത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അവസാന മത്സരം ഗോവയുമായാണ്.


ചെന്നൈയിന്‍ എഫ് സിക്കെതിരെ 3-0 ന്റെ ഉജ്വല ജയം സ്വന്തമാക്കിയതിന് ശേഷമാണ് മുംബൈയെ നേരിടാന്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. അഡ്രിയാന്‍ ലൂണ എന്ന നായകന്റെ മധ്യനിരയിലെ മികവാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ടീമിനെ തുണയ്ക്കുന്നത്.


ഗോളടിക്കാനും അടിപ്പിക്കാനുമുള്ള ലൂണയുടെ കഴിവ് സീസണിന്റെ തുടക്കം മുതല്‍ പ്രകടമായിരുന്നു. ഗോള്‍ ദാരിദ്ര്യകാലഘട്ടം പിന്നിട്ട് പെരേര ഡയാസ് വീണ്ടും സ്കോര്‍ ഷീറ്റില്‍ ഇടം പിടിച്ചത് ആശ്വാസകരമാണ്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ പ്രകടനവും നിര്‍ണായകമായേക്കും.


ഗോവയേയും ഈസ്റ്റ് ബംഗാളിനേയും കീഴടക്കിയാണ് മുംബൈയുടെ വരവ്. ജയിക്കാനായാല്‍ സെമി സാധ്യത ഉറപ്പിക്കാന്‍ ടീമിന് കഴിയും. സീസണില്‍ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനോട് മൂന്ന് ഗോളിന് മുംബൈ പരാജയപ്പെട്ടിരുന്നു.

Next Post Previous Post
No Comment
Add Comment
comment url