സംഘാടക സമിതി ഓഫീസുകളിൽ ചണ്ഡാലഭിക്ഷുകി ഒന്നാമത്
സംഘാടക സമിതി ഓഫീസുകളിൽ ചണ്ഡാലഭിക്ഷുകി ഒന്നാമത്.
കണ്ണൂർ:സിപിഐ എം 23ാം പാർടി കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കിയ സംഘാടകസമിതി ഓഫീസുകളിൽ ഒന്നാം സമ്മാനം കണ്ണൂർ ഏരിയാ കമ്മിറ്റിക്ക്. രണ്ടാം സമ്മാനം പെരിങ്ങോം, എളയാവൂർ സൗത്ത് ലോക്കൽ കമ്മിറ്റികൾ പങ്കിട്ടു. മൂന്നാം സമ്മാനത്തിന് ഇരിണാവ് ലോക്കൽ കമ്മിറ്റിയും കൂത്തുപറമ്പ് ലോക്കലിലെ കുനിയിൽപ്പാലം നോർത്ത് ബ്രാഞ്ചും അർഹരായി. ജില്ലയിലെ 4500 സംഘാടകസമിതി ഓഫീസുകൾ വിദഗ്‌ധ സമിതി പരിശോധിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ 18 ഏരിയയിലെയും മികച്ച ഓരോ ഓഫീസ് തെരഞ്ഞെടുത്തു. ഇവയിൽ നിന്നാണ് ജില്ലാതല വിജയികളെ കണ്ടെത്തിയത്.
കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഇൻസ്‌റ്റലേഷനോടെ നിർമിച്ച സംഘാടകസമിതി ഓഫീസാണ് ഒന്നാമതെത്തിയത്. ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ, ഭീതി വേണ്ട തരികതെനിക്കു നീ....’ എന്ന ഈരടികൾ ആലേഖനം ചെയ്‌തിട്ടുണ്ട് ഇൻസ്‌റ്റലേഷനിൽ. ആനന്ദഭിക്ഷുവിന് ദാഹജലം പകരുന്ന മാതംഗിയെയാണ് ഇതിൽ ചിത്രീകരിച്ചത്.
കൈയിൽ പുസ്‌തകവുമായി കുമാരനാശാനെയും കാണാം. ഫൈബറിൽ നിർമിച്ച് മെറ്റാലിക് ചായം നൽകിയ ഇൻസ്‌റ്റലേഷൻ ചിത്രകാരൻ എബി എൻ ജോസഫിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം കലാകാരന്മാരാണ് ഒരുക്കിയത്. ശിൽപ്പി മനോജ്കുമാർ നാരായണനാണ് എട്ടടി ഉയരമുള്ള ആശാൻ ശിൽപ്പം നിർമിച്ചത്.