സണ്‍റൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി പ്ലേ ഓഫിൽ പ്രവേശിച്ച് ചെന്നൈ
ഷാർജ:ചെന്നൈ സൂപ്പർ കിങ്സിനെ വിറപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് കീഴടക്കി. ആവേശകരമായ മത്സരത്തിൽ ആറുവിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം ചെന്നൈ അവസാന ഓവറിലാണ് മറികടന്നത്. ധോനിയുടെ തകർപ്പൻ സിക്സിലൂടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. രണ്ട് പന്തുകൾ ശേഷിക്കേയാണ് മഞ്ഞപ്പടയുടെ വിജയം.ഈ വിജയത്തോടെ പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമായി ചെന്നൈ മാറി.
ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന സൂപ്പർ കിങ്സിനെ തകർച്ചയിലേക്ക് തള്ളിയിടാൻ സൺറൈസേഴ്സിന് കഴിഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്ത ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസ്സിയുമാണ് വിജയം സമ്മാനിച്ചത്. സ്കോർ: സൺറൈസേഴ്സ് 20 ഓവറിൽ ഏഴിന് 134. ചെന്നൈ 19.4 ഓവറിൽ നാലിന് 139.
ഈ വിജയത്തോടെ 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. സൺറൈസേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി.
135 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് നൽകിയത്. ആദ്യ രണ്ടോവറിൽ റൺസെടുക്കാൻ ബുദ്ധിമുട്ടിയെങ്കിലും പതിയേ ടീം ട്രാക്കിൽ കയറി. ഋതുരാജാണ് ആദ്യം ആക്രമിക്കാൻ ആരംഭിച്ചത്. പിന്നാലെ ഡുപ്ലെസ്സിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. 6.4 ഓവറിൽ ചെന്നൈ 50 കടത്തി.
ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 75 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഋതുരാജായിരുന്നു കൂടുതൽ ആക്രമണകാരി. പത്തുവിക്കറ്റ് ജയത്തിലേക്ക് ചെന്നൈ കുതിക്കുമെന്ന് തോന്നിച്ചെങ്കിലും ജേസൺ ഹോൾഡർ അതിന് തടയിട്ടു. 10.1 ഓവറിൽ ഋതുരാജിനെ പുറത്താക്കി ഹോൾഡർ സൺറൈസേഴ്സിന് ആശ്വാസം പകർന്നു. 38 പന്തുകളിൽ നിന്ന് രണ്ട് സിക്സിന്റെയും നാല് ഫോറിന്റെയും അകമ്പടിയോടെ 45 റൺസെടുത്താണ് താരം ക്രീസ് വിട്ടത്.
ഋതുരാജിന് പകരമായി മോയിൻ അലി ക്രീസിലെത്തി. അലിയെ കൂട്ടുപിടിച്ച് ഡുപ്ലെസി 13.2 ഓവറിൽ ടീം സ്കോർ 100 കടത്തി. എന്നാൽ അലിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 17 റൺസെടുത്ത താരത്തെ റാഷിദ് ഖാൻ ക്ലീൻ ബൗൾഡാക്കി. റാഷിദിനെ പ്രതിരോധിക്കാൻ ശ്രമിച്ച അലിയുടെ പാഡിൽ തട്ടി തിരിഞ്ഞ പന്ത് വിക്കറ്റിലിടിച്ചു.
അലിയ്ക്ക് പകരം വന്ന റെയ്ന ഈ മത്സരത്തിലും പരാജയമായി. പന്തിന്റെ ഗതി മനസ്സിലാക്കാൻ വിഷമിച്ച റെയ്നയെ ഹോൾഡർ വിക്കറ്റിന് മുന്നിൽ കുടുക്കി. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിൽ തന്നെ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഫാഫ് ഡുപ്ലെസ്സിയെയും മടക്കി ഹോൾഡർ കൊടുങ്കാറ്റായി. 36 പന്തുകളിൽ നിന്ന 41 റൺസെടുത്ത ഡുപ്ലെസി അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ഇതോടെ ചെന്നൈ പതറി. കളി ആവേശത്തിലേക്കുയർന്നു. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ചെന്നൈ പെട്ടെന്നാണ് തകർച്ചയിലേക്ക് വീണത്.
അവസാന മൂന്നോവറിൽ ചെന്നൈയ്ക്ക് വിജയിക്കാൻ 22 റൺസ് വേണ്ടിയിരുന്നു. അമ്പാട്ടി റായുഡുവും ധോനിയുമാണ് ക്രീസിലുണ്ടായിരുന്നത്. സിദ്ധാർഥ് കൗൾ എറിഞ്ഞ 18-ാം ഓവറിൽ ആറുറൺസ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ധോനി റൺസ് കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടി. ഇതോടെ രണ്ടോവറിൽ ചെന്നൈയുടെ വിജയലക്ഷ്യം 16 റൺസായി.
എന്നാൽ ഭുവനേശ്വർ എറിഞ്ഞ 19-ാം ഓവറിൽ സിക്സടിച്ചുകൊണ്ട് അമ്പാട്ടി റായുഡു സമ്മർദം കുറച്ചു. പിന്നാലെ ധോനി ഫോറടിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചു. അവസാന ഓവറിൽ തകർപ്പൻ സിക്സടിച്ച് പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ധോനി ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു. ധോനി 14 ഉം റായുഡു 17 ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.
സൺറൈസേഴ്സിന് വേണ്ടി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റെടുത്തപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.
സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മികച്ച ബൗളിങ് കാഴ്ചവെച്ച ചെന്നൈ ബൗളർമാർ സൺറൈസേഴ്സിനെ വരിഞ്ഞുമുറുക്കി. ഒരിക്കൽ പോലും ആധിപത്യം പുലർത്താൻ സൺറൈസേഴ്സിന് സാധിച്ചില്ല.
ഡേവിഡ് വാർണറെ പുറത്തിരുത്തിയ മത്സരത്തിൽ സൺറൈസേഴ്സിന് വേണ്ടി വൃദ്ധിമാൻ സാഹയ്ക്കൊപ്പം ജേസൺ റോയിയാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ റോയ്ക്ക് ഈ മത്സരത്തിൽ തിളങ്ങാനായില്ല. വെറും രണ്ട് റൺസ് മാത്രമെടുത്ത താരത്തെ ജോഷ് ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ ധോനിയുടെ കൈയ്യിലെത്തിച്ചു. വിക്കറ്റിന് പിന്നിൽ 100 ക്യാച്ചെടുത്തുകൊണ്ട് ധോനി ഈ മത്സരത്തിലൂടെ ചരിത്രത്തിൽ ഇടം നേടി.
റോയ്ക്ക് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു. എന്നാൽ പവർപ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഡ്വെയ്ൻ ബ്രാവോ സൺറൈസേഴ്സിന് പ്രഹരമേൽപ്പിച്ചു. 11 പന്തുകളിൽ നിന്ന് 11 റൺസെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നിൽ കുടുക്കി.
രണ്ടുവിക്കറ്റ് നഷ്ടപ്പെട്ട സൺറൈസേഴ്സിനുവേണ്ടി ക്രീസിൽ സാഹയും പ്രിയം ഗാർഗും ഒന്നിച്ചു. 8.1 ഓവറിൽ ടീം സ്കോർ 50 കടന്നു. അതേ ഓവറിലെ മൂന്നാം പന്തിൽ സാഹയെ ശാർദുൽ ഠാക്കൂർ പുറത്താക്കിയെങ്കിലും അമ്പയർ നോ ബോൾ വിളിച്ചു.
സാഹ നന്നായി ബാറ്റുവീശിയെങ്കിലും പ്രിയം ഗാർഗ് ഈ മത്സരത്തിലും പരാജയപ്പെട്ടു. അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം ധോനിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ സാഹയും പുറത്തായതോടെ സൺറൈസേഴ്സ് തകർച്ചയിലേക്ക് വീണു. 46 പന്തുകളിൽ നിന്ന് 44 റൺസെടുത്ത സാഹയെ ജഡേജ ധോനിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സൺറൈസേഴ്സ് 74 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലായി.
പിന്നീട് ക്രീസിലൊന്നിച്ച അബ്ദുൾ സമദും അഭിഷേക് ശർമയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. 15.3 ഓവറിൽ ടീം സ്കോർ 100 കടന്നു. അഭിഷേകും സമദും ഒരുപോലെ ബാറ്റ് വീശാൻ തുടങ്ങിയതോടെ സൺറൈസേഴ്സിന് ജീവൻ തിരിച്ചുകിട്ടി. എന്നാൽ സ്കോർ 109-ൽ നിൽക്കേ 18 റൺസെടുത്ത അഭിഷേകിനെ മടക്കി ഹെയ്സൽവുഡ് വീണ്ടും സൺറൈസേഴ്സിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. അതേ ഓവറിൽ തന്നെ സമദിനെയും താരം പറഞ്ഞയച്ചു. 18 റൺസെടുത്ത സമദിനെ ഹെയ്സൽവുഡ് മോയിൻ അലിയുടെ കൈയ്യിലെത്തിച്ചു. ഇതോടെ സൺറൈസേഴ്സ് 111 ന് ആറ് വിക്കറ്റ് എന്ന നിലയിലായി.
പിന്നാലെ വന്ന ഹോൾഡർക്കും പിടിച്ചുനിൽക്കാനായില്ല. അഞ്ചുറൺസ് മാത്രമെടുത്ത താരത്തെ ശാർദുൽ ചാഹറിന്റെ കൈയ്യിലെത്തിച്ചു. അവസാന ഓവറുകളിൽ ആക്രമിച്ചുകളിച്ച റാഷിദ് ഖാനാണ് ടീം സ്കോർ 130 കടത്തിയത്. റാഷിദ് 17 റൺസെടുത്തും ഭുവനേശ്വർ രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു.
ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡ്വെയ്ൻ ബ്രാവോ രണ്ടുവിക്കറ്റെടുത്തു. ജഡേജയും ശാർദുലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.