ആറളം ചാക്കാട് മേഖലകളെ ഭീതിയിലാഴ്ത്തി കാട്ട് കൊമ്പന്മാർ ജനങ്ങൾ മുൾമുനയിൽ നിന്നത് ഏഴ് മണിക്കൂർ Sept , 27 Kannur Daily News




ഇരിട്ടി : ഇരിട്ടിയുടെ മലയോര മേഖലയെ ദുഖത്തിലാഴ്ത്തിയ കാട്ടാന അക്രമവും മരണവും നടന്ന് മരണമടഞ്ഞ യുവാവിന്റെ ശവസംസ്‌കാരം കഴിയുന്നതിന് മുൻപേ വീണ്ടും ഭീതി വിതച്ച് കാട്ടു കൊമ്പന്മാർ. ആറളം , ചാക്കാട്  ഗ്രാമങ്ങളിലെ ജനങ്ങളെയാണ് പ്രദേശത്തിറങ്ങിയ രണ്ട് കാട്ട് കൊമ്പന്മാർ ഏഴ് മണിക്കൂറോളം   ഭീതിയിലാഴ്ത്തിയത് . തിങ്കളാഴ്ച പുലർച്ചയോടെ ആറളം പുഴയുടെ തുരുത്തിൽ കാണപ്പെട്ട കാട്ടാനകളെ തുരത്തി ആറളം ഫാമിൽ കയറ്റി വിടുന്നവരെ മേഖലയിലെ ജനങ്ങൾ മുൾ മുനയിലായിരുന്നു .  


ആറളം മുഴക്കുന്ന് പഞ്ചായത്തുകളുടെ മദ്ധ്യേ ഒഴുകുന്ന  ബാവലി പുഴയുടെ ഭാഗമായ ആറളം  ചാക്കാട് പുഴയുടെ തുരുത്തിലാണ് രാവിലെ 7 മണിയോടെ രണ്ട് കാട്ടാനകളെ നാട്ടുകാർ കണ്ടത് . പുഴയിൽ കുളിക്കാനെത്തിയ ആളുകളാണ് ആദ്യം ആനകളെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. ഉടൻതന്നെ വനംവകുപ്പ്  ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി. ഇരു ഭാഗവും ജനവാസ മേഖലകളാണ് എന്നത് കണക്കിലെടുത്ത് വനം വകുപ്പ് അധികൃതർ ആനകളെ നിരീക്ഷിക്കുകയും ഇവയെ തുരത്തി വിടാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 

ഒമ്പതുമണിയോടെ കാട്ടാനയെ തുരത്തുവാൻ ഉള്ള നടപടികൾ തുടങ്ങിയെങ്കിലും ശക്തമായ  മഴ തടസ്സമായി. തുടർന്ന് 

11 മണിയോടെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാട്ടാനകളെ തുരത്തൽ തുടങ്ങി. ഒരു മണിക്കൂറോളം എടുത്താണ് ഇവിടെനിന്നും ആനകളെ മാറ്റാൻ സാധിച്ചത്.   തുടർന്ന് പുഴയിലൂടെ പൂതകുണ്ട് ഭാഗത്തുകൂടി പാലത്തിനുസമീപം കാട്ടാനകൾ എത്തി. അരമണിക്കൂറോളം ഇവിടെയുള്ള പുഴയിലെ പൊന്തക്കാട്ടിൽ ഒളിച്ച കാട്ടാനകൾ ആറളം പാലത്തിനടിയിലൂടെ  കടന്നുപോയി. ഇവിടെനിന്നും അയ്യപ്പൻകാവ് പുഴക്കര ഭാഗത്തുകൂടെ കാപ്പും കടവ് , കൂടലാട് വഴി ആറളം ഫാമിലേക്ക് കടന്നു. 

  ഹർത്താൽ ദിനം ആയതിനാൽ തന്നെ ആന ഇറങ്ങിയ വിവരമറിഞ്ഞ് നിരവധി പേരാണ്  കാട്ടാനകളെ  കാണാനെത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ എത്തി. ഇതുമൂലം  പോലീസിനും വനംവകുപ്പിനും  ആനകളെ തുരത്താൻ നന്നേ  പാടുപെടേണ്ടിവന്നു. കാട്ടാനകൾ എത്തിയ വിവരം  പോലീസിന്റെയും , പള്ളികളിൽ നിന്നുള്ള മൈക്കിലൂടെയും  അനൗൺസ്മെൻറ് കളിലൂടെ നാട്ടുകാരെ  അറിയിച്ചുകൊണ്ടിരുന്നു . 

ഞായറാഴ്ച  പായം പഞ്ചായത്തിലെ പെരിങ്കരി യിലെത്തിയ കാട്ടാന ബൈക്കിൽ  പള്ളിയിൽ പോവുകയായിരുന്ന ദമ്പതിമാരെ ആക്രമിക്കുകയും  ജസ്റ്റിൻ എന്നയാളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം നടക്കുന്നതിനുമുൻപാണ് വീണ്ടും ഭീതി പരത്തി കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്.  ഇതോടെ ഇരിട്ടിയുടെ  മലയോര  ജനത ഒന്നടങ്കം ഭീതിയിലായിരിക്കയാണ് . ഏതുനേരവും കാട്ടാനകൾ എവിടെയും എത്താം എന്ന ഭീതിയിലാണ് ഞങ്ങൾ.  

വനംവകുപ്പിലെ അറുപതോളം വരുന്ന ഉദ്യോഗസ്ഥരും, ആറളം, മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തിങ്കളാഴ്ച കാട്ടാനകളെ തുരത്തൽ നടപടികൾക്ക്  നേതൃത്വം നൽകിയത്.


    


Next Post Previous Post
No Comment
Add Comment
comment url